കോന്നി: മോഷണക്കേസിലെ പ്രതിയെന്ന് സംശയിച്ച് ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിലെ താത്കാലിക കീഴ്ശാന്തിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ശാന്തിക്കാരൻ നിരപരാധിയാണെന്ന് പരാതി നൽകിയ ക്ഷേത്ര കമ്മിറ്റിക്കാർ മൊഴി നൽകിയതോടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. മോഷണക്കേസിലെ പ്രതിയെ പിടിക്കാൻ കോന്നി പോലീസും കൊല്ലം ജില്ലയിലെ ഇരവിപുരം പോലീസും ചേർന്ന് നടത്തിയ നീക്കമാണ് രാത്രിയോടെ പൊളിഞ്ഞത്.
ചൊവ്വാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷമായിരുന്നു കീഴ്ശാന്തിയെ കസ്റ്റഡിയിൽ എടുത്തത്. കീഴ്ശാന്തി ഇല്ലാതായതോടെ അത്താഴപൂജയും ശീവേലി എഴുന്നള്ളത്തും ഒരുമണിക്കൂറോളം വൈകി.
ഇരവിപുരം പോലീസിന്റെ പരിധിയിലുള്ള ക്ഷേത്രത്തിൽ ഡിസംബർ 16-ന് വിളക്കുകൾ മോഷണം പോയിരുന്നു. കേസന്വേഷണത്തിൽ പോലീസിന് കിട്ടിയ ഫോൺനമ്പരും ഫോട്ടോയും മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തിയുടേതായിരുന്നു. ഇരവിപുരം പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോന്നി പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മുരിങ്ങമംഗലം ക്ഷേത്രത്തിൽ മഫ്തി പോലീസുകാരൻ എത്തി ക്ഷേത്രത്തിലെ ചുമതലക്കാരനോട് കീഴ്ശാന്തിക്കാരനെക്കുറിച്ച് വിവരങ്ങൾ തിരക്കുകയും. ദീപാരാധനയ്ക്ക് മുൻപ് കസ്റ്റഡിയിൽ എടുക്കണമെന്ന് മഫ്തി പോലീസുകാരൻ നിർബന്ധം പിടിച്ചു. എന്നാൽ ക്ഷേത്രത്തിലെ ചടങ്ങുകൾ മുടങ്ങുമെന്ന് പറഞ്ഞതോടെ പോലീസുകാരൻ അയഞ്ഞു. ദീപാരാധയ്ക്കുശേഷം കോന്നി ഇൻസ്‌പെക്ടർ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. കോന്നി സ്റ്റേഷനിൽ കൊണ്ടുവന്നശേഷം ഇരവിപുരം പോലീസിന് കൈമാറുകയായിരുന്നു.
കീഴ്ശാന്തിയെ പോലീസ് പിടികൂടിയതറിഞ്ഞ് ഉപദേശകസമിതി അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ തേടി. ഇതിനിടെ പരാതി നൽകിയ അവിടുത്തെ ക്ഷേത്ര കമ്മിറ്റിക്കാരെയും വിളിച്ചുവരുത്തി. അവർ മുരിങ്ങമംഗലത്തെ കീഴ്ശാന്തിയെ കണ്ടപ്പോൾ ഇദ്ദേഹമല്ല ഇരവിപുരത്തെ അമ്പലത്തിൽ ജോലി ചെയ്തത് എന്നറിയിച്ചു. ഇതോടെ അമളിപറ്റിയ പോലീസ് കീഴ്ശാന്തിയെ രാത്രി 12 മണിയോടെ വിട്ടയക്കുകയായിരുന്നു. ഈ വിവരം ഇരവിപുരം പോലീസ് മുരിങ്ങമംഗലത്തെ ക്ഷേത്രം ചുമതലക്കാരനായ ടി.സി. മോഹൻകുമാറിനെ ഫോണിലൂടെ അറിയിച്ചു. എന്നാൽ രാത്രിയിൽ ഒറ്റയ്ക്കുവിടുന്നതിനോട് വിയോജിപ്പ് അറിയിച്ചതോടെ ബുധനാഴ്ച രാവിലെയാണ് വിട്ടയച്ചത്. ഇരവിപുരം പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കോന്നി എസ്.എച്ച്.ഒ. പറഞ്ഞു