അധ്യാപകനും എഴുത്തുകാരനുമായ ബി. വേണുഗോപാലപ്പണിക്കര്‍ അന്തരിച്ചു.

കോഴിക്കോട് : അധ്യാപകനും, എഴുത്തുകാരനും,ഭാഷാപണ്ഡിതനുമായ ബി. വേണുഗോപാലപ്പണിക്കര്‍ അന്തരിച്ചു.ഫറോക്കിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം അധ്യാപകൻ, വകുപ്പ് അധ്യക്ഷൻ ,കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.ഭാഷാശാസ്ത്രം, വ്യാകരണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നൽകിയ ഇദ്ധേഹം നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
1945 ഓഗസ്റ്റ് 2-ന് വടക്കന്‍ പരവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടേയും മകനായി ജനിച്ചു. മഹാരാജാസ് കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സുകുമാര്‍ അഴിക്കോടിന്റെ നേതൃത്വത്തിൽ കേരളപാണിനീയത്തിന്റെ പീഠിക – ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.
ജര്‍മ്മനിയിലെ കോളന്‍ സര്‍വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ ഉള്‍പ്പെടെ നൂറിലേറെ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മിഷനില്‍ അംഗം, മദ്രാസ്, അലിഗര്‍, കേരള, എം ജി, കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലകളിലും, യു.പി എസ്.സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളിലും പ്രവർത്തിച്ചു.തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമായിരുന്നു.
ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷ നേടി .