‘നീരുവെച്ച കാലും തളര്‍ന്ന ശരീരവും’; കാന്താരയ്ക്ക് പിന്നില്‍ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തി ഋഷഭ് ഷെട്ടി
ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ അഭിനയിച്ച കാന്താര: ചാപ്റ്റര്‍ 1 തിയേറ്ററുകളില്‍ പുതിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളും അതിലെ ഋഷഭിന്റെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ താന്‍ അനുഭവിച്ച ശാരീരിക അദ്ധ്വാനത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. കാലുകള്‍ നീരുവച്ച് വീര്‍ത്തിട്ടും കടുത്ത ക്ഷീണം ഉണ്ടായിരുന്നിട്ടും താന്‍ ആ രംഗങ്ങള്‍ ചിത്രീകരിച്ചതായി ഋഷഭ് വെളിപ്പെടുത്തി. ചിത്രങ്ങളോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍, ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ നേരിട്ട ശാരീരിക വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. നീരുവെച്ച കാലും തളര്‍ന്ന ശരീരവും ക്ലൈമാക്‌സ് ഷൂട്ടിംഗിനിടെയായിരുന്നു ഇത്. എന്നാല്‍ ഇന്ന്, ആ ക്ലൈമാക്‌സ് ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. ‘ഞങ്ങള്‍ വിശ്വസിക്കുന്ന ദിവ്യശക്തിയുടെ അനുഗ്രഹം കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,’ എന്നാണ് ഋഷഭ് എഴുതിയത്. ശാരീരിക വെല്ലുവിളികള്‍ക്ക് പുറമേ, ‘കാന്താര: ചാപ്റ്റര്‍ 1’ നിര്‍മ്മിക്കുന്നതിന് പിന്നിലെ സൃഷ്ടിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. പ്രീക്വലിന്റെ സ്‌ക്രിപ്റ്റ് അന്തിമമാക്കാന്‍ കൂടുതല്‍ സമയമെടുത്തുവെന്നും ഏകദേശം 15-16 ഡ്രാഫ്റ്റുകള്‍ കടന്നുപോയെന്നും ഋഷഭ് വെളിപ്പെടുത്തി.