x
NE WS KE RA LA
Crime Kerala

വെളളൂരിൽ വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

വെളളൂരിൽ വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
  • PublishedNovember 30, 2024

കോട്ടയം: വെളളൂരിൽ വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവിൽ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളിൽ എഡ്‍വിൻ മോഷണ ശ്രമം നടത്തിയിരുന്നു.

ഇന്നലെ പൈപ്പ്ലൈൻ ഭാഗത്തെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ വീട്ടുകാർ ഉണർന്നതാണ് പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. മതിൽചാടി എഡ്‍വിൻ എത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീടിനുള്ളിൽ ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും പൊലീസും രാത്രി മുഴുവൻ ഇയാളെ തേടിയിറങ്ങി. വെള്ളൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റ് സ്ഥലങ്ങളിലുമെല്ലാം അരിച്ചുപെറുക്കി. ഒടുവിൽ പുലർച്ചെ ഒരു വാഴത്തോട്ടത്തിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

നാട്ടുകാരും പൊലീസും എത്തിയതോട ഇയാൾ വീണ്ടും ഓടി. പിന്നാലെ പോയ നാട്ടുകാർ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. എഡ്‍വിന്‍റെ ബാഗിൽ നിന്ന് മാരക ആയുധങ്ങളും പൂട്ട് പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. ഇയാൾക്കെതിരെ ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, കായംകുളം, തുടങ്ങിയ സ്റ്റേഷനുകളിലായി 25-ലധികം മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീടുകളിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപെടുന്നതാണ് ഇയാളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *