ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി.

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ അവിടെ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങൾ ചോദ്യങ്ങൾ കേന്ദ്രമന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്നു എന്നതിന്റെ പേരിൽ ഗസ്റ്റ് ഹൗസ് ജീവനക്കാർ മാധ്യമങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ പുറത്ത് ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാകരുതെന്ന് സുരേഷ് ഗോപി ഗൺമാനോട് നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു,
മാധ്യമ പ്രവർത്തകർ വന്നതെന്ന് ആര് നിർദ്ദേശിച്ചിട്ടാണ് എന്ന് കേന്ദ്രമന്ത്രി ചോദിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. മാധ്യമപ്രവർത്തകരോട് പുറത്ത് പോകണം എന്ന് പറഞ്ഞത് മന്ത്രിയുടെ ഗൺമാൻ ആണ്. സെക്രട്ടേറിയറ്റിൽ പരാതിപ്പെടുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പറഞ്ഞു. വിഷയത്തിൽ കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ഇടപെട്ടിട്ടുണ്ട്. കെയുഡബ്ല്യുജെ ഭാരവാഹികൾ നേരിട്ടത്തി പ്രതിഷേധം അറിയിച്ചു. ഗസ്റ്റ് ഹൗസിന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഗോപകുമാർ പറഞ്ഞു.