വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:എറണാകുളത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയാണ് (21) മരിച്ചത്. എറണാകുളം വേങ്ങൂര്‍ രാജഗിരി വിശ്വ ജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൂടാതെ സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. എറണാകുളം കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി ബി എ വിദ്യാർഥിനിയാണ് അനീറ്റ. ഇന്ന് രാവിലെ ഏഴു മണിയോടെ കോളേജിലെ ലേഡീസ് ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കോട്ടയത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ കോളേജ് ഗേറ്റിന് പുറത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം നടത്തിയത് .