തെരുവുനായ കുറുകേ ചാടി; ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ടു. ഡ്രൈവർക്ക് ദാരുണാന്ത്യം. സംഭവത്തിൽ കടയ്ക്കാവൂർ ചമ്പാവിൽ അലക്സാണ്ടർ (35) ആണ് മരിച്ചത്. ഒപ്പം യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42)എന്നിവരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോയുടെ ഇടയിൽ കുടുങ്ങി അലക്സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അതുപോലെ അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.