പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പൊതു പ്രവര്‍ത്തകന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 6.30നായിരുന്നു സംഭവം. എരവട്ടൂരിലെ പൊതു പ്രവര്‍ത്തകനായ വി.ശ്രീനിയെ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് പരിസരത്തുവെച്ച് നായയുടെ കടിയേറ്റു.
പരിക്കേറ്റ ശ്രീനിയെ കല്ലോട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടം റാബീസ് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പേരാമ്പ്ര നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. മത്സ്യ മാര്‍ക്കറ്റ് പരിസരത്തും ബൈപ്പാസ് റോഡിലും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വലിയ ഭീഷണിയാണ് നായകള്‍. പോലീസ് സ്റ്റേഷന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം മത്സ്യ മാര്‍ക്കറ്റ് ഹൈസ്‌കൂള്‍ റോഡ് തുടങ്ങി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം ക്രമാതീതമായി വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നായയുടെ കടിയേറ്റ് നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നും, അധികാരികള്‍ ഇതിനെതിരെ നിര്‍ഭാഗ്യകരമായ അനാസ്ഥ പാലിക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.