തെരുവ് നായ് ആക്രമണം;രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു

ചെന്നിത്തല: ചെറുകോലില്‍ തെരുവ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റു. മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ സഹോദരന്‍ ചെമ്പകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടില്‍ സഹായിയായി നില്‍ക്കുന്ന മഞ്ചു, പോള്‍ മത്തായിയുടെ ബന്ധു വടക്കേതലയ്ക്കല്‍ റീത്ത എന്നിവര്‍ക്കും നായയെ പിടിക്കാന്‍ വന്ന മൂന്നുപേര്‍ക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പോള്‍ മത്തായിയുടെ വീടിന്റെ പറമ്പില്‍ താഴെ വീണ മാങ്ങ എടുക്കാന്‍ മഞ്ചു ഇറങ്ങിയപ്പോഴാണ് നാല് തെരുവ് നായ്ക്കള്‍ പറമ്പില്‍ നില്‍ക്കുന്നത് കണ്ടത്, ഇതില്‍ ഒരു നായ ഓടിയെത്തി മഞ്ചുവിനെ കടിച്ചു. പോള്‍മത്തായിയും ഭാര്യ അക്കാമ്മ പോളും വീട്ടിലുണ്ടായിരുന്നു.
നായയുടെ കടിയേറ്റ ഉടനെ പോള്‍ മത്തായി തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ ജീനയെ വിവരമറിയിച്ചു. ജീനയും ചെന്നിത്തല പഞ്ചായത്ത് അംഗം ഷിബു കിളിമാന്തറയിലും മാന്നാര്‍ പോലീസ് എസ്എച്ച് ഒയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മാവേലിക്കര അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും പട്ടിയെ പിടിക്കാനുള്ള ഉപകരണങ്ങളില്ല എന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
ഈ സമയം യുവതിയെ കൊണ്ടുപോകുന്നതിനായി ആംബുലന്‍സുമെത്തി. എന്നാല്‍, തെരുവ് നായ്ക്കള്‍ മുറ്റത്തു തന്നെ നില്‍ക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തതു കാരണം ആംബുലന്‍സില്‍ കയറ്റാനും കഴിഞ്ഞില്ല. ഇതിനിടയില്‍ വിവരമറിഞ്ഞ് ഓടിയെത്തിയ റീത്തയ്ക്കും കടിയേറ്റു. പോലീസും പട്ടിപിടിത്തക്കാരും ചേര്‍ന്ന് പണിപ്പെട്ടാണ് നായയെ പിടികൂടിയത്.
മാവേലിക്കര വെറ്ററിനറി സര്‍ജന്‍ എത്തി മയങ്ങാനുള്ള ഇന്‍ജക്ഷന്‍ എടുത്തശേഷം നായയെ മൂന്നു ദിവസത്തെ നിരീക്ഷണത്തിനായി മാവേലിക്കര മൃഗാശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ സ്ത്രീകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തലയുടെ പല പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്