കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ
പാലക്കാട് : കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്ന് പരാതി. ജനുവരി രണ്ടിനാണ് സംഭവം. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്. ഉടൻ അധ്യാപിക പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബീഹാർ സ്വദേശിനി അറസ്റ്റിലായിരിക്കുന്നത്. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. ഇവർ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ മുമ്പും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു .