x
NE WS KE RA LA
Sports

പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക

പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക
  • PublishedNovember 13, 2025

കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുകയും . ബോര്‍‍ഡിന്‍റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു . പരമ്പര തുടരാന്‍ തീരുമാനിച്ചെങ്കിലും ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം അനിശ്ചിതത്വത്തെ തുടര്‍ന്ന് നാളത്തേക്ക് മാറ്റി. പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച നടക്കും.

പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ച് ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന് ശ്രീലങ്കൻ താരങ്ങള്‍ നിലപാടെടുത്തതോടെ പരമ്പരയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി ശ്രീലങ്കന്‍ താരങ്ങളുമായും പാകിസ്ഥാനിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണറുമായും ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പരമ്പരയുമായി മുന്നോട്ടുപോകാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളോട് നിര്‍ദേശിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് നഖ്‌വി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

പാകിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു ചാവേര്‍ ബോംബാക്രമണം ഉണ്ടായത്. ഇതോടെ ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീമിന്‍റെ സുരക്ഷയിൽ ശ്രീലങ്കന്‍ താരങ്ങള്‍ ആശങ്ക അറിയിച്ചു . 2009ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ചാവേറാക്രമണം നടന്നിരുന്നു. അന്ന് കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അടക്കമുള്ള താരങ്ങള്‍ വെടിവെപ്പില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അതിനുശേഷം ഒരു ദശാബ്ദത്തോളം മറ്റ് രാജ്യങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് പാകിസ്ഥാനിലെത്തിയ വിദേശ ടീമുകള്‍ക്കെല്ലാം പ്രസിഡന്‍റ് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നത്. പാകിസ്ഥാന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ്ലാമാബാദിലുണ്ടായി കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. പാക് താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *