x
NE WS KE RA LA
Uncategorized

എന്തും വിളിച്ച് പറയാമെന്നാണോ; മാത്യു കുഴൽനാടൻ എം എൽ എയോട് കുപിതനായി സ്പീക്കർ എഎൻ ഷംസീർ.

എന്തും വിളിച്ച് പറയാമെന്നാണോ; മാത്യു കുഴൽനാടൻ എം എൽ എയോട് കുപിതനായി സ്പീക്കർ എഎൻ ഷംസീർ.
  • PublishedJanuary 23, 2025

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയോട് നിയമസഭയിൽ കുപിതനായി സ്പീക്കർ എഎൻ ഷംസീർ. അടിയന്തിര പ്രമേയ നോട്ടീസ് നൽകി മാത്യു കുഴൽനാടൻ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോഴാണ് സ്പീക്കർ കുപിതനായത്.

യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നാൽ ഇങ്ങനെയൊരു ഭേദഗതി ബിൽ ഈ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുമായിരുന്നോ എന്ന് മാത്യു കുഴൽനാടൻ ആരാഞ്ഞു. അതിൽ കുപിതനായി നിങ്ങളെന്താണ് അവതരിപ്പിക്കുന്നതെന്ന് ചോദിച്ച സ്പീക്കർ, ഈ വന നിയമ ഭേദഗതിയൊക്കെ പിൻവലിച്ചുവെന്ന് മറുപടി പറഞ്ഞു. അതിവിടെ പറയേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചപ്പോൾ. താനൊന്ന് പറഞ്ഞോട്ടെയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല.

എന്നാൽ കടുത്ത നിലപാടെടുത്ത സ്പീക്കർ എന്താണ് ഇവിടെ അടിയന്തിര പ്രമേയമെന്ന് ചോദിച്ചു. എന്തൊരു കഷ്ടമാണ് സാർ, ഏത് സമയത്തും ഇതാണ് അവസ്ഥയെന്നുമായിരുന്നു പ്രസംഗം തടസപ്പെട്ടതിൽ കുപിതനായ മാത്യു കുഴൽനാടൻ പറഞ്ഞത്. എന്നാൽ നിങ്ങളുടെ എല്ലാ പ്രകടനവും നടത്തേണ്ട വേദിയല്ല ഇതെന്ന് സ്പീക്കർ മറുപടി പറഞ്ഞു. അവതരിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങൾക്ക് ഡിമാൻ്റിൽ ആ കാര്യങ്ങൾ പറയാം. നിങ്ങൾ എഴുതി തന്ന കാര്യം ഇവിടെയുണ്ടെന്ന് സ്പീക്കർ ഫയൽ ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു. നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്. എന്തും വിളിച്ച് പറയാമെന്നാണോ എന്നും അടിയന്തിര പ്രമേയമായി ഉന്നയിച്ച വിഷയത്തിനുള്ളിൽ നിന്ന് കൊണ്ട് വേണം സംസാരിക്കാനെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.

ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇരുവശത്തുമായി നിന്ന് ബഹളം വെച്ചെങ്കിലും മാത്യു കുഴൽനാടൻ തൻ്റെ പ്രമേയ അവതരണം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *