ന്യൂഡൽഹി: കൊച്ചി സ്മാർട്സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് ടീകോം കമ്പനിയെ ഒഴിവാക്കുന്ന സർക്കാർ തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല. ഈ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സർക്കാർ ഈ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാര്യമായ നിക്ഷേപം ആകർഷിക്കാനാകാത്ത കമ്പനിയിൽ നിന്ന് ഇങ്ങോട്ട് നഷ്ടപരിഹാരം വാങ്ങിക്കുകയാണ് സർക്കാർ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഇൻഡിപെൻഡന്റ് ഇവാല്യുവെറ്ററെ നിയോഗിക്കാൻ നീക്കം നടത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് കരാറിനായി മുന്നിൽ നിന്ന ബാജു ജോർജ് ഇപ്പോൾ നഷ്ടപരിഹാരം കണക്കാക്കുന്ന കമ്മിറ്റിയിൽ അംഗമാണ്. ഇത് ടീകോമുമായി ഒത്തുചേർന്ന് നടപ്പാക്കുന്ന ഒരു കള്ളക്കളിയാണ് എന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറിൽ കമ്പനിക്കെതിരെ എടുക്കേണ്ട നടപടികൾ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കരാർ ലംഘനം നടത്തിയ ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഏർപ്പാട് താൻ ആദ്യമായി കേൾക്കുകയാണ്. തിരിച്ചുപിടിക്കുന്ന ഭൂമി ആർക്കോ മറിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. അത് ആർക്കാണെന്ന് കണ്ടെത്തണമെന്നും കേരളത്തിലെ ചെറുപ്പക്കാരെ കഴിഞ്ഞ പത്ത് വർഷം സർക്കാർ വഞ്ചിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും , നഷ്ട പരിഹാരം ടീ കോംമിൽ നിന്നും ഈടായ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കുന്നത് വിചിത്രമായ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു .
ആരാണ് തകർച്ചയുടെ ഉത്തരവാദിയെന്ന് അന്വേഷിക്കണം, 90,000 ജോലി കിട്ടേണ്ട പദ്ധതിയായിരുന്നു ഇത്, ടീകോമിന് നഷ്ടപരിഹാരം കൊടുക്കും എന്ന് പറഞ്ഞാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു . പദ്ധതി എന്തുകൊണ്ട് മുന്നോട്ടുപോകുന്നില്ല എന്ന് മുഖ്യമന്ത്രി അന്വേഷിക്കാത്തതെന്തുകൊണ്ടാണെന്ന് ചോദ്യമുന്നയിച്ച പ്രതിപക്ഷനേതാവ് ഭൂമി കച്ചവടമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും വിമർശിച്ചു.
അതുപോലെ ടീകോം കമ്പനിയെ ഒഴിവാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ മുൻ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പിൻമാറ്റം ഉണ്ടായതെന്നും ഇത് നിർഭാഗ്യകരയ കാര്യമാണെന്നും തീരുമാനം സർക്കാർ പുനരാലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ടീകോമിന്റെ കൈവശമുള്ള 246 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട പദ്ധതി ഉപേക്ഷിക്കാൻ ടീകോം തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക.