പാപ്പിനിശേരിയിൽ ഉറങ്ങി കിടന്ന കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കൂലിപ്പണിക്കാരാണ് ഇവർ. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണമാരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.