സീതറാം യച്ചൂരി ആശുപത്രിയിൽ
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരുതരമെങ്കിലും സ്ഥിരതയോടെ തുടരുന്നു.അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും അണുബാധയുടെ വ്യാപനം നിലച്ചത് നേരിയ ആശ്വാസമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. യെച്ചൂരിയെ സന്ദർശിക്കുന്നതിനായി സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. എന്നാല്‍, ഐസിയുവില്‍ സന്ദർശകരെ അനുവദിക്കുന്നില്ല. രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സി. വേണുഗോപാല്‍ എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കള്‍ നേരത്തേ എയിംസിലെത്തി രോഗവിവരം അന്വേഷിച്ചിരുന്നു.
സോണിയ ഗാന്ധിയും മറ്റു നേതാക്കളും ടെലിഫോണില്‍ വിളിച്ച് അന്വേഷണം നടത്തുന്നുണ്ട്.72 കാരനായ യെച്ചൂരിക്ക് തുടർന്നും ഓക്സിജൻ നല്‍കണമെന്നും വിദഗ്ധ ഡോക്‌ടർമാരുടെ സംഘം ചികിത്സയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. ന്യുമോണിയ മൂലമുള്ള നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.