മംഗളൂരു: കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ അപകടത്തിൽ രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിലെത്തിച്ചു. കൂടാതെ പരിക്കേറ്റ 6 ജീവനക്കാരെ മംഗളൂരു എജെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
അതേ സമയം,ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും . കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്. ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല