ഷൈൻ ടോം ചക്കോ ഇന്ന് സ്റ്റേഷനിൽ ഹാജരാകും; ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്

കൊച്ചി : ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. നടനെ സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യൽ. വിൻസിയുടെ വെളിപ്പെടുത്തലിലും പൊലീസ് പ്രാഥമിക വിവരങ്ങൾ തേടും .
ഷൈൻ ടോം ചാക്കോയ് ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടൻ്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു . ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചു. നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്.
അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട് നടി വിൻസി നൽകിയ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും. ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് മാറ്റി നിർത്തുന്നതും ആലോചനയിലുണ്ട്.