സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്. സംഭവത്തിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. അതുപോലെ പി.ടി കുഞ്ഞുമുഹമ്മദിന്‍റെയും മൊഴി രേഖപ്പെടുത്തും. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു . കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.
പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയും കമ്മിറ്റിയിലുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പറഞ്ഞു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു.