x
NE WS KE RA LA
Uncategorized

സംസ്ഥാനത്തെങ്ങും കനത്ത ചൂട്; ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി

സംസ്ഥാനത്തെങ്ങും കനത്ത ചൂട്; ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി
  • PublishedFebruary 12, 2025

തിരുവനന്തപുരം : സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. മേയ് പത്ത് വരെ ഈ നിയന്ത്രണം തുടരും. രാവിലെ ഏഴിനും വൈകിട്ട് എഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം എൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ: ചുവടെ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക

Leave a Reply

Your email address will not be published. Required fields are marked *