ഗുരുതര പിഴവ്; എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല.
ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാല നിർദേശിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല.
സംഭവത്തിൽ പരീക്ഷ വിഭാഗത്തിന്‍റെ അടിയന്തരമായ യോഗം കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ വിളിച്ച് ചേർക്കും. അടുത്ത മാസം ഒന്നാം തിയ്യതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും വി സി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. ഏപ്രിൽ ഏഴിന് വീണ്ടും പരീക്ഷ നടത്തും എന്ന അറിയിപ്പിനെ തുടർന്നാണ് ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം പുറത്തുവന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കുമെന്നും വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത തരത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ്‍ യു വും എബി വി പി യും കേരള യൂണിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്കും വിസിക്കും പരാതി നൽകി.