ഹർജി പരിഗണിക്കും മുൻപേ ചേന്രറിൽ ചർച്ച പരിവെന്ന് സീനിയർ അഭിഭാഷകൻ മുകുൾ രോഹ്തഗി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കേറ്റ് ജനറലും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ചേമ്പറിൽ ചർച്ച നടത്തുന്നുവെന്ന് സീനിയർ അഭിഭാഷകൻ മുകുൾ രോഹ്തഗി. ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്ന ദിവസങ്ങളിൽ രാവിലെ അര മണിക്കൂറോളം ഈ കൂടിക്കാഴ്ചകൾ നീളുന്നതായും മുകുൾ രോഹ്തഗി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ നടക്കുന്ന ചർച്ചയുടെ വിശദാംശം എന്താണെന്ന് ആർക്കും അറിയില്ല. പക്ഷെ ഈ ചർച്ചകൾക്ക് ശേഷമാണ് കേസിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും മുകുൾ രോഹ്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്ന വേളയിലാണ് മുകുൾ രോഹ്തഗി ഗുരുതര ആരോപണം ഉന്നയിച്ചത്. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത നിർമാതാവ് സജിമോൻ പാറയലിന് വേണ്ടിയാണ് മുകുൾ രോഹ്തഗി സുപ്രീം കോടതിയിൽ ഹാജരായത്. മുകുൾ രോഹ്തഗിക്ക് പുറമെ സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക്, സൈബി ജോസ് കിടങ്ങൂർ എന്നിവരും സജിമോൻ പാറയലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി.