x
NE WS KE RA LA
Accident Kerala National Natural Calamities

അര്‍ജുനെ തേടി 9ാം നാള്‍: ബൂം യന്ത്രത്തില്‍ നാവിക സേനയുടെ തെരച്ചില്‍; പുഴക്കരികെ ലോറി താഴ്‌ന്നെന്ന് നിഗമനം

അര്‍ജുനെ തേടി 9ാം നാള്‍: ബൂം യന്ത്രത്തില്‍ നാവിക സേനയുടെ തെരച്ചില്‍; പുഴക്കരികെ ലോറി താഴ്‌ന്നെന്ന് നിഗമനം
  • PublishedJuly 24, 2024

കാര്‍വാര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ബൂം യന്ത്രം ഉപയോഗിച്ച് നടക്കുകയാണ്. സൈന്യത്തിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. റഡാറുകളും സെന്‍സറുകളും ഉപയോഗിച്ച് ഗംഗാവലിപ്പുഴയിലും തിരച്ചില്‍ തുടരുന്നു. ഇന്നലെ പുഴയില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കാണാതായ സണ്ണി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റര്‍ അകലെ മഞ്ചിഗുണി ഗ്രാമത്തില്‍നിന്നു ലഭിച്ചത്. ജൂലൈ 16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞുള്ള മണ്ണ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കും വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലം കണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്ക് വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍ നിന്ന് ചില സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം വേര്‍തിരിച്ച് അറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കിലോമീറ്റര്‍ അധികം റേഞ്ച് ഉള്ള ഡ്രോണ്‍ സംവിധാനമാണ്. വിജയകരമായി പരിശോധനകള്‍ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വന്‍സി സ്‌കാനറിനുണ്ട്.


കര, നാവിക സേനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തും. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്‌നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും. നോയിഡയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി അന്‍ജാരിയയും ജസ്റ്റിസ് കെ വി അരവിന്ദും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഇന്നലെ കേസ് പരിഗണിച്ച പ്രത്യേക ബഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി എജി സത്യവാങ്മൂലം നല്‍കും. നേരത്തേ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *