തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുൻപ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽ മണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മൽസ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഗവൺമെന്റിന് കത്ത് നൽകിയിരിക്കുന്നത്. 2023 ജൂലൈ 27 ന് ലോക്‌സഭയിൽ ഖനനം സംബന്ധിച്ച ബിൽ അവതരിപ്പിക്കുകയും. ഓഗസ്റ്റ് ഒന്നിന് ലോക്‌സഭയും തുടർന്ന് രാജ്യസഭയും ബിൽ പാസാക്കുകയും രാജ്യത്ത് അത് നിയമമായി മാറുകയും ചെയ്തു.
12 നോട്ടിക്കൽ മൈലിനിപ്പുറമുള്ള തീരമേഖല സംസ്ഥാന ഗവൺമെന്റിന്റെ അധികാരപരിധിയിൽ വരുന്നതാണ്. ഇതിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അധികാരം ഇല്ലാതാക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. 2023 ൽ തന്നെ കടൽ മണൽ ഖനനത്തിനെതിരായ നിലപാട് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുകയും . ഇത് സംബന്ധിച്ച് മൂന്ന് കത്തുകൾ സംസ്ഥാനം കേന്ദ്രസർക്കാരിനയക്കുകയും ചെയ്തു.
നിയമസഭയിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ഖനനത്തിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച റോഡ് ഷോയിൽ കേരളത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുക്കുന്ന വേളയിലും ഈ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര മൈനിംഗ് സെക്രട്ടറി തിരുവനന്തപുരത്ത് നടത്തിയ യോഗത്തിൽ ഖനന വിഷയം അജണ്ടയായിരുന്നില്ലെന്നും. കടൽ മണൽ ഖനനത്തിനെതിരായി പ്രതിപക്ഷവുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കടൽ മണൽ ഖനന വിഷയത്തിലുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.