തിരുവനന്തപുരം: സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് കൊണ്ട് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നൽകി രംഗത്തിറിക്കുന്നതോടെ വൻ തോതിൽ ചെലവ് കുറക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടൽ. സീ പ്ലെയിൻ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തിയ ശേഷമേ കായൽ മേഖലയിൽ സര്‍വീസ് ആരംഭിക്കു എന്നും ഡാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ സര്‍വീസ് നടത്തുകയെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കൊച്ചി- മാട്ടുപെട്ടി പരീക്ഷണ പറക്കൽ വിജയകരമായതോടെയാണ് സര്‍ക്കാർ സീ പ്ലെയിനുമായി മുന്നോട്ട് നീങ്ങുന്നത്. സര്‍വീസ് നടത്താന് സന്നദ്ധരായി സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വൻകിട കമ്പനികളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. താമസിയാതെ ടെണ്ടര്‍ ക്ഷണിച്ച് ഔദ്യോഗികമായി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . ചെലവ് പരമാവധി കുറയ്യക്കാനുള്ള നടപടികളും പരിഗണനിയിലുണ്ട്.
9 പേര്‍ക്ക് സഞ്ചരിക്കാവുന്ന സീപ്ലെയിനിൽ ടിക്കറ്റിന് എണ്ണായിരം മുതൽ പതിനായിരം വരെ ആകും മുടക്കേണ്ടിവരും. വിദേശ പൈലറ്റുമരെയാണ് നിലവിൽ ആശ്രയിക്കുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ ശമ്പള നല്‍കണം. എന്നാൽ തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നൽകി രംഗത്തിറക്കിയാൽ ചെലവിൽ വൻ കുറവ് വരുത്താനാകും. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി വൻകിട ഹോട്ടൽ ഗ്രൂപ്പുകളും സര്‍ക്കാരിനെ സമീപിച്ചു.
പദ്ധതിയിൽ തുടക്കം മുതൽ ആശങ്ക ഉയർത്തിയത് മത്സ്യത്തൊഴിലാളി സംഘടനകളാണ്. അവരുമായി ഉടൻ ചർച്ച നടത്താനാണ് സർക്കാർ തീരുമാനം. മല്‍സ്യബന്ധനമേഖലയിലെ പ്രതിഷേധം കണക്കിലെടുത്ത് ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസിനാണ് ആദ്യഘട്ടത്തിൽ മുന്‍ഗണന. മല്‍സ്യബന്ധനത്തെ കാര്യമായി ബാധിക്കാത്ത മേഖലകള്‍ കണ്ടെത്തി ഇവിടങ്ങളിൽ വാട്ടര്‍ ഡ്രോം തയ്യാറാക്കാനും ആലോചനയുണ്ട്.