കൊയിലാണ്ടി: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മരം വീണ് കാർ തകർന്നെങ്കിലും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ആന്തട്ട സ്കൂളിന് സമീപം ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്
മരം അൽപ്പം ചരിഞ്ഞ് നിൽക്കുന്നത് രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നാണ് ഭീമാകാരമായ കൊമ്പ് ഒടിഞ്ഞു വീണത്. മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
മരത്തിനടിയിൽപ്പെട്ട കാറിലെ യാത്രക്കാരനെ നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു . ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ബെെപ്പാസിലൂടെ തിരിച്ചുവിട്ടു.