തിരുവനന്തപുരം: നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് പരിക്ക്. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്നങ്ങളില്ല.
അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകും.
റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും. ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു. മഴ കാരണം റോഡിൽ ചെളി കെട്ടികിടന്നതിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും എം രഘു വ്യക്തമാക്കി .