സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരള ക്യാപ്റ്റന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ അഭിമാനമാണ് സഞ്ജു സാംസണ്‍. ലഭിച്ച അവസരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സഞ്ജു കസറുമ്പോഴും സെലക്ടര്‍മാരും പരിശീലകരും സഞ്ജുവിന് വേണ്ട പിന്തുണ നല്‍കുന്നില്ലെന്ന് പറയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ദ്രുവ് ജുറേല്‍ എന്നീ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചപ്പോഴും സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ഇനി ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം നേടിയെടുക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പരമ്പരയില്‍ കേരളത്തിനായി കളിക്കുകയാണ്. കേരളത്തിന്റെ നായകനായ സഞ്ജു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി. ഇതോടൊപ്പം കേരളത്തിന് 10 വിക്കറ്റിന്റെ വിജയം നേടിക്കൊടുക്കാനും സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ പ്രകടനത്തോടെ വമ്പനൊരു റെക്കോഡിലേക്ക് സഞ്ജു എത്തിയിരിക്കുകയാണ്. ഇന്ത്യക്കായി അന്താരാഷ്ട്ര ടി20 ടീമിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് സൃഷ്ടിക്കുന്ന താരമെന്ന റെക്കോഡിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലും സഞ്ജു സാംസണും ചേര്‍ന്ന് 177 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 41 പന്തില്‍ 51 റണ്‍സാണ് സഞ്ജു നേടിയത്. 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 124.39 പ്രഹരശേഷിയിലാണ് സഞ്ജു കസറിയത്.
രോഹന്‍ കുന്നുമ്മല്‍ 60 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്. 10 വീതം സിക്‌സും ഫോറും അടിച്ചെടുക്കാന്‍ രോഹന് സാധിച്ചു. 201.67 പ്രഹരശേഷിയിലാണ് രോഹന്‍ കത്തിക്കയറിയത്. ഇന്ത്യയുടെ ടി20 ടീമിലെ ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡിലും സഞ്ജു ഭാഗമാണ്. സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ നേടിയെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇതെന്നതാണ് എടുത്തു പറയേണ്ടത്.
ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സഞ്ജു സാംസണിന്റെ പ്രകടനം ഗംഭീരമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ സെഞ്ചുറിയടക്കം നേടി എല്ലാവരേയും ഞെട്ടിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നിട്ടും ഇപ്പോള്‍ ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. സഞ്ജു സാംസണെ സംബന്ധിച്ച് ഇത്തരം അവഗണനകള്‍ ആദ്യ അനുഭവമല്ല. ഗംഭീര്‍ പരിശീലകനായപ്പോള്‍ സഞ്ജുവിന് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നു.
ഏകദിനത്തില്‍ ഓപ്പണറാക്കിയപ്പോള്‍ സഞ്ജു മൂന്ന് സെഞ്ചുറിയടക്കം നേടി മിന്നിച്ചു. എന്നിട്ടും സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഇപ്പോള്‍ പ്ലേയിങ് 11നും പുറത്താക്കിയിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിന് സാധ്യമാകുമോയെന്നതും കാത്തിരുന്ന് കണ്ടറിയേണ്ട കാര്യമാണ്.