സംഭല്‍ വിഷയം : പ്രതിപക്ഷം പ്രതിഷേധിച്ചു; ലോക്‌സഭ നടപടി നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: സംഭല്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. പിന്നാലെ ലോക്‌സഭ നടപടി ഉച്ചയ്ക്കു രണ്ടുമണിവരെ നിര്‍ത്തിവെച്ചു. ഒപ്പം അദാനി ഗ്രൂപ്പിനെതിരെ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
ലോക്‌സഭയില്‍ അദാനി വിഷയത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അദാനിക്കെതിരേ അന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹം അദ്ദേഹത്തേക്കുറിച്ച് അന്വേഷിക്കുന്നതുപോലെയാകും. അവര്‍ ഒന്നാണ് രാഹുൽ വിമര്‍ശിച്ചു.
നേരത്തെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വികസിത ഭാരതത്തിന്റെ പുരോഗതി വിദേശകരങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന ബി.ജെ.പി. എം.പി. സുധാംശു ത്രിവേദിയുടെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് 12 മണി വരെ സഭ നടപടി നിര്‍ത്തിവെച്ചു.