കോട്ടയം വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷികളുടെ വില്‍പന നിരോധിച്ചു; നടപടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ
കോട്ടയം: ജില്ലയില്‍ വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷികളുടെ വില്‍പന നിരോധിച്ചു. വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നാണ് വിവരം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കര്‍ഷകര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകരുടെ യോഗം വിളിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. 2025 വരെ ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയില്‍ പറഞ്ഞു. വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും 32 സ്‌പോട്ടുകള്‍ വളരെ നിര്‍ണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.