ശബരിമല റോപ്പ് വേ: കേന്ദ്രനുമതി ലഭിച്ചാൽ പണി തുടങ്ങും
പത്തനംതിട്ട : ശബരിമല തീർത്ഥാടനം കൂടുതൽ എളുപ്പമുള്ളതാക്കുന്നതിനായി ശബരിമല റോപ്പ് വേ പദ്ധതി ഒരുങ്ങുന്നു. നീണ്ട കാലത്തെ അനിശ്ചിതത്വത്തിനും തർക്കങ്ങള്‍ക്കും ശേഷമാണ് ശബരിമല റോപ്പ് വേ പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്നത്.
ശബരിമല റോപ്പ് വേ വന്നാൽ വെറും പത്ത് മിനിറ്റ് സമയത്തിൽ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കുന്നതാണ് . വനം വകുപ്പിന്‍റെയും റവന്യൂ വകുപ്പിന്‍റെയും ഭൂമി തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് ശബരിമല റോപ്പ് വേ പദ്ധതിക്ക് പച്ചക്കൊടി വീശിയത്.
2.7 കിലോമീറ്റര്‍ നീളത്തിലും 12 കിമി വീതിയിലുമാണ് ശബരിമല റോപ്പ് വേ വരുന്നത്. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തോടെ റോപ് വേ പദ്ധതി കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്. ഇതിനായി 4.53 ഹെക്ടര്‍ വനഭൂമി ഏറ്റെടുത്തിരിക്കുകയാണ് .
ഇതിനു പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ റവന്യൂ ഭൂമി വനംവകുപ്പിന് നൽകാനാണ് ധാരണയായിട്ടുള്ളത്. വനംവകുപ്പിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി നല്കാമെന്ന തീരുമാനത്തിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്.
പദ്ധതിക്കായി ഏറ്റെടുത്ത അതേ അളവ് ഭൂമിയാണ് പുനലൂര്‍ താലൂക്കിലെ ഷെന്തുരുണി വനമേഖലയോട് ചേർന്ന ഇടം നല്കുന്നത്. കുളത്തൂപ്പുഴ വില്ലേജില്‍ 4.5336 ഹെക്ടര്‍ ഭൂമിയാണ് വനവത്ക്കരണത്തിനായി വനംവകുപ്പിന് ലഭിക്കുന്നത്. ഇതിനായുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.