കുടിവെള്ള പൈപ്പില്‍ നിന്ന് ഷോക്കേറ്റ് ശബരിമല തീര്‍ത്ഥാടക മരിച്ചു

പമ്പ: കുടിവെള്ളം എടുക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെച്ചിരുന്ന കിയോസ്‌കിന്റെ പൈപ്പില്‍ നിന്ന് ഷോക്കേറ്റ് ശബരിമല തീര്‍ത്ഥാടക മരിച്ചു. തെലങ്കാന മഹബുബി നഗര്‍ ഗോപാല്‍പേട്ട മണ്ഡല്‍ സ്വദേശിനി ഇ. ഭരതമ്മ (60) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ട്രാവല്‍ ഏജന്‍സി വഴി 40 അംഗ സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്. ദര്‍ശനം കഴിഞ്ഞ് കൂടെയുള്ളവര്‍ക്കൊപ്പം പമ്പയിലേക്ക് മടങ്ങുമ്പോള്‍ കനത്ത മഴയുമുണ്ടായിരുന്നു.
നീലിമലയില്‍ രണ്ടാംനമ്പര്‍ ഷെഡിനരികെനിന്ന ഇവര്‍ കിയോസ്‌കിന്റെ പൈപ്പില്‍ പിടിച്ചപ്പോഴേക്കും ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഒപ്പുമുണ്ടായിരുന്നവര്‍ ബഹളംവെച്ചെങ്കിലും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം സാധിച്ചില്ല. പാഞ്ഞെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സിപിആര്‍ നല്‍കി പമ്പ ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ നീലിമലയിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
കിയോസ്‌കിന്റെ സമീപം വൈദ്യുതിപോസ്റ്റ് ഉണ്ട്. കൂടാതെ വഴിയില്‍ ഇട്ടിരിക്കുന്ന ലൈറ്റിന്റെയും മറ്റും വയറുകളും ഇതുവഴിപോകുന്നുണ്ട്. കിയോസ്‌കിലേക്ക് എങ്ങനെ വൈദ്യുതി എത്തിയെന്ന് വ്യക്തമായിട്ടില്ല.
എന്നാൽ തങ്ങളുടെ വൈദ്യുതി ലൈനില്‍ നിന്നല്ല ഷോക്കേറ്റതെന്നാണ് കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറയുന്നു . കെഎസ്ഇബി, ദേവസ്വം അധികൃതരും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് പരിശോധന നടത്തി. പമ്പ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും.