ശബരിമല മകരവിളക്ക് ഇന്ന്; പ്രാർത്ഥനയോടെ ഭക്തജനങ്ങൾ

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ഒപ്പം ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധനയും നടക്കും. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ മകരജ്യോതി ദർശനത്തിനായി കാത്തിരിപ്പിലാണ്. കൂടാതെ ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.