റഷ്യ- യുക്രൈൻ യുദ്ധം; മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി

റിയാദ്: റഷ്യ- യുക്രൈൻ യുദ്ധമവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചയ്ക്കായി ഒരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചർച്ച ഇന്ന് രാത്രിയോ നാളയോ ആയി നടക്കും. താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തിൽ ഇതിലായിരിക്കും ചർച്ച ഉണ്ടാകുക. ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. എന്നാൽ ബുദ്ധിമുട്ടേറിയതാണ് മുന്നോട്ടുള്ള ചർച്ചയുടെ വഴികളെന്നാണ് റഷ്യ പറഞ്ഞു. ചർച്ചകളുടെ തുടക്കം മാത്രമാണിതെന്നാണ് നിലപാട്. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജ്ജോൽപ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനും നേരത്തെ ചർച്ച നടന്നിരുന്നു.
കഴിഞ്ഞ ദിവസം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തി. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞു. റഷ്യ ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി പറഞ്ഞു. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ചക്കിടെയാണ് സെലൻസ്കി പ്രതികരിച്ചത്. വിഷയം ചർച്ച ചെയ്യാൻ ഫ്രാന്‍സും യു കെയും അടക്കമുളള 20 രാജ്യങ്ങളില്‍ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.