മരണവീട്ടില്‍ കവര്‍ച്ച; മൂന്ന് ലക്ഷത്തിന്റെ സ്വർണ്ണവും വിദേശ കറൻസിയും മോഷ്ടിച്ച യുവതി പിടിയിൽ
പെരുമ്പാവൂര്‍: മരണവീട്ടില്‍ കവര്‍ച്ച നടത്തിയ യുവതി പിടിയിലായി. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്കോ നഗറില്‍ റിന്‍സി ഡേവിഡിനെയാണ് (30) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കല്‍ ആന്റോപുരം കൂനത്താന്‍ വീട്ടില്‍ പൗലോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ഇവര്‍ കവര്‍ച്ച നടത്തുകയായിരുന്നു. മുറിയില്‍നിന്ന് 2,99,700 രൂപ വിലമതിക്കുന്ന 45 ഗ്രാം സ്വര്‍ണവും 26073 രൂപയുടെ 90 കുവൈത്ത് ദീനാറുമാണ് മോഷ്ടിച്ചത്. അടുത്ത ബന്ധുവായി അഭിനയിച്ചായിരുന്നു കവര്‍ച്ച. വീട്ടുകാരെല്ലാം സംസ്‌കാര ചടങ്ങുകള്‍ക്കായി പള്ളിയിലായിരുന്നു. വീട്ടില്‍ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടൻ ഓട്ടോറിക്ഷയില്‍ കടന്നുകളഞ്ഞു.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വൈറ്റിലയില്‍നിന്നാണ് ഇവരെ പിടികൂടിയത്. എ.എസ്.പി മോഹിത് റാവത്തിന്റെ നിർദേശത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍, എസ്.ഐ പി.എം. റാസിക്ക്, സി.പി.ഒമാരായ പി.എസ്. ഷിബിന്‍, ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്.