വൈറലാവാന്‍ ഓടുന്ന ട്രെയിനിന്റെ അടിയില്‍ റീല്‍സ് ചിത്രീകരണം

ലക്‌നൗ: സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ ഓടുന്ന ട്രെയിനിന്റെ അടിയില്‍ കിടന്ന് റീല്‍സ് എടുക്കുന്ന രണ്ടു യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും അസമിലെ സില്‍ച്ചാറിലുമാണ് യുവാക്കള്‍ ഓടുന്ന ട്രെയിനിന്റെ അടിയില്‍ കിടന്ന് റീല്‍സ് വിഡിയോ ചിത്രീകരിച്ചത്.
ഉന്നാവോയില്‍ കുസുംഭി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ആദ്യത്തെ സംഭവം.ഹസന്‍ഗഞ്ച് സ്വദേശിയായ രഞ്ജിത് ചൗരസ്യയാണ് ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കമിഴ്ന്നു കിടക്കുന്നത് റീല്‍സില്‍ ആദ്യം കാണിക്കുന്നത്. ഇതു മറ്റൊരാളായിരുന്നു ചിത്രീകരിച്ചത്. പിന്നാലെ ട്രെയിന്‍ വരുന്നതും യുവാവിന് മുകളിലൂടെ കടന്നുപോകുന്നതും കാണാം. തുടര്‍ന്ന് യുവാവ് കിടന്നു കൊണ്ട് ട്രെയിനിന്റെ അടിയില്‍ കിടന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും ഉള്‍പ്പെടുന്നതാണ് റീല്‍സ്. വിഡിയോ വൈറലായതിനു പിന്നാലെ ആര്‍പിഎഫ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച സില്‍ച്ചാറിനു സമീപം രംഗ്പൂരിലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഹെയ്ല്‍കണ്ടിയില്‍ നിന്നുള്ള 27കാരന്‍ പാപ്പുല്‍ ആലം ബര്‍ഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ കിടന്ന് സമാനരീതിയില്‍ റീല്‍സ് ചിത്രീകരിച്ചത്. വിഡിയോ വൈറലായതോടെ കടുത്ത നിയമനടപടിക്ക് ഒരുങ്ങുകയാണ് അസം പൊലീസ്.