പീഡനക്കേസ് : മുകേഷിന് അപ്രതീക്ഷിത വിലക്ക്

കൊല്ലം : പാര്‍ട്ടി പരിപാടികളില്‍ മുകേഷിന് അപ്രഖ്യാപിത വിലക്കേല്‍പ്പെടുത്തി സി പി ഐ എം കൊല്ലം ജില്ലാ നേതൃത്വം. പാര്‍ട്ടി പരിപാടികള്‍ക്ക് ക്ഷണിക്കേണ്ടതില്ലെന്നും,പോസ്റ്ററില്‍ പടം വേണ്ടെന്നും ധാരണയായി. എം എൽ എ എന്ന നിലയിൽ പൊതുപരിപാടികള്‍ക്ക് മുകേഷിന് പങ്കെടുക്കാം. കുറ്റപത്രത്തില്‍ ഗുരുതരമായ കണ്ടെത്തല്‍ വന്നതോടയൊണ് ജില്ലാ നേതൃത്വം തീരുമാനം അറിയിച്ചിരിക്കുന്നത്.
കൂടാതെ ലൈംഗിക പീഡനപരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യ തെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ആലുവ സ്വദേശിയായ നടി 2024 ഓഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരെ നൽകിയ പരാതിയിൽ പറയുന്നത്. 2010-ലാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
അതോടെ ആരോപണം ഉന്നയിച്ച നടി പരാതിയില്‍ നിന്ന് പിന്നോട്ട് പോയത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിക്കുകയും കൃത്യമായി തെളിവുകള്‍ ശേഖരിക്കുകയുമാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറുന്നില്ലെന്നും മനസിക സമ്മര്‍ദം മൂലമാണ് പരാതി പിന്‍വലിക്കാന്‍ ഒരുങ്ങിയതെന്നും നടി പറഞ്ഞത്.