വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ്; 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ

തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ. സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് ലഭിച്ചിരിക്കുന്നത്.
പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28ഉം പൊലീസ് അക്കാദമിയിൽ നിന്നും പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.
വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധത്തിലാണിവർ.
അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾ നടത്തി. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ആളുകളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.