ഇന്ത്യയെ പ്രകോപിപ്പിച്ചാൽ ഇനിയും തിരിച്ചടിഎന്ന് സർവകക്ഷി യോഗത്തിൽ രാജ്നാഥ് സിങ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം സർവകക്ഷിയോഗത്തിൽ പറഞ്ഞു.
പഹൽഗാമിൽ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താനിലെ ഭീകരരുടെ കേന്ദ്രം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിട്ടില്ലായിരുന്നു. രണ്ട് സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ കുറിച്ച പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കുമെന്നും പ്രതിപക്ഷപാർട്ടികൾ സർവകക്ഷി യോഗത്തിൽ അറിയിച്ചു.