x
NE WS KE RA LA
Politics

‘രാഹുലിന്റെ ഹൈഡ്രജന്‍ ബോംബ് പൊട്ടുന്നത് വാരാണസിയില്‍; മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടും’ – സൂചനയുമായി കോണ്‍ഗ്രസ് നേതാവ്

‘രാഹുലിന്റെ ഹൈഡ്രജന്‍ ബോംബ് പൊട്ടുന്നത് വാരാണസിയില്‍; മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടും’ – സൂചനയുമായി കോണ്‍ഗ്രസ് നേതാവ്
  • PublishedSeptember 3, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ പിടിച്ചുലച്ച രാഹുല്‍ ഗാന്ധിയുടെ ‘ആറ്റംബോബി’നു പിന്നാലെ പ്രഖ്യാപിച്ച ഹൈഡ്രജന്‍ ബോംബ് എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് ദേശീയ രാഷ്ട്രീയം. ബിഹാറിലെ പട്‌നയില്‍ കഴിഞ്ഞ ദിവസം സമാപിച്ച വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആറ്റംബോബിനു ശേഷം, ഇനി ഹൈഡ്രജന്‍ ബോംബ് പൊട്ടുമെന്ന് രാഹുല്‍ മുന്നറിയിപ്പു നല്‍കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ള തുറന്നു കാട്ടിയതിന്റെ ഞെട്ടലില്‍ രാജ്യം പകച്ചു നില്‍ക്കെയാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍.

എന്താണ് വരാനിരിക്കുന്നതെന്ന ചര്‍ച്ചകള്‍ക്കിടെ സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും വരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അജയ് റായ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഹൈഡ്രജന്‍ ബോംബ് പൊട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരിക്കുമെന്നും, വാരാണസിയിലെ മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിനാശകരമായ ഹൈഡ്രജന്‍ ബോംബ് ഏറ്റവും സുപ്രധാനമായ മണ്ഡലത്തിലായിരിക്കും പൊട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂണ്‍ നാലിന് വോട്ടണ്ണല്‍ ദിനത്തില്‍ ഉച്ച ഒരു മണിക്കു ശേഷം വാരാണസിയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തും. വിജയിക്കനായി മോദി ചതിച്ചുവെച്ചും റായ് പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയിലെ രാഹുലിന്റെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.

‘ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ ഞാനത് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചതാണ്. ഇപ്പോള്‍, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വരാണസിയില്‍ കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. 2014ല്‍ 56 ശതമാനം വോട്ടും, 2019ല്‍ 63 ശതമാനവും നേടിയ മോദിക്ക് 2024ല്‍ 54 ശതാമനം വോട്ടേ നേടാന്‍കഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് റായിയുടെ കുതിപ്പിനായിരുന്നു വാരാണസി സാക്ഷിയായത്. വോട്ടെണ്ണലിനിടെ മണിക്കൂറുകളോളം വാരാണസിയിലെ ഫലമൊന്നും പുറത്തുവരാതെ അനിശ്ചിതത്വ നിലനിന്നതും ശ്രദ്ധേയമായിരുന്നു. പിന്നീടാണ് മോദി ലീഡ് പിടിച്ചു തുടങ്ങിയത്. 1.52 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനായിരുന്നു മോദിയുടെ ജയം. 2014ല്‍ ഭൂരിപക്ഷം 3.71 ലക്ഷവും 2019ല്‍ 4.79 ലക്ഷവുമായിരുന്നു മോദിയുടെ ലീഡ്.

Leave a Reply

Your email address will not be published. Required fields are marked *