ആലപ്പുഴ: ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ്. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർത്ഥികളായ ആറു പേർ ചേർന്ന് മർദിച്ചതായി പരാതി. എന്നാൽ സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും വിദ്യാർഥിയുടെ കുടുംബം ആരോപണം ഉന്നയിച്ചു.
തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലാണ് റാഗിംഗ് ഉണ്ടായത് . സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനാണ് മർദിച്ചത്. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാർത്ഥി .
അതുപോലെ ഹോസ്റ്റൽ റൂമിനുള്ളിൽ മറ്റു വിദ്യാർത്ഥികളും റാഗിങ്ങിന് ഇരയായതായും . പ്രിൻസിപ്പലിന്റെ ഇടപെടലിൽ ഇവർ പരാതിയിൽ നിന്ന് പിന്മാറിയെന്നും വിദ്യാർത്ഥി പറഞ്ഞു . മർദനത്തിൽ അവശനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് വിദ്യാർഥിയുടെ അച്ഛൻ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ റാഗിംഗിൽ ഉൾപ്പെട്ട ആറ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തെന്ന് സ്കൂൾ അധികൃതർ വിശദീകരണം നൽകി. എന്നാൽ മാതാപിതാക്കളുടെ പരാതിയിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും സ്കൂളിൽ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.