കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷന്‍സിന്റെ ചോദ്യ പേപ്പര്‍ നോക്കി പഠിക്കരുതെന്ന് വിദ്യാര്‍ത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ അധ്യാപകന്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ഓണ പരീക്ഷയുടെ സമയത്താണ് ഷുഹൈബ് ഫോണില്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരനായ അധ്യാപകന്‍ അബ്ദുല്‍ ഹക്കീം പറഞ്ഞു. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ പ്രവചിക്കുന്ന ചോദ്യങ്ങള്‍ മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. അവര്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയാണ് കൊടുക്കുന്നതെന്ന് സംശയിച്ചിരുന്നു. എസ്എസ്എല്‍സി ഫൈനല്‍ പരീക്ഷയില്‍ അവര്‍ പറയുന്ന ചോദ്യങ്ങള്‍ വന്നിരുന്നില്ല. കുട്ടികളോട് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില് കൊടുവള്ളി പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നു. ഇനി ഇതൊന്നും ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതിനാല്‍ ഷുഹൈബിനെ താക്കീത് നല്‍കി വിടുകയാണ് ചെയ്തത്. ചോദ്യപേപ്പര്‍ പ്രവചിക്കുന്നതടക്കം നിര്‍ത്തുമെന്ന് അന്ന് ഷുഹൈബ് പറഞ്ഞതായും ഹകീം പറഞ്ഞു.