പി വി അൻവറിൻ്റെ അറസ്റ്റ് ; സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
മലപ്പുറം: വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് . അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽ നിന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിട്ടു നിന്നെങ്കിലും അൻവറിൻ്റെ അറസ്റ്റിനെതിരെ നിലപാടെടുക്കുകയാണ് നേതാക്കൾ.
പി വി അൻവറിന്‍റെ അറസ്റ്റിന് പിന്നിലെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നും അറസ്റ്റിൽ പൊലീസ് അമിത വ്യഗ്രത കാണിച്ചുവെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസിൽ എം വി ഗോവിന്ദൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത ആത്മാര്‍ഥത അന്‍വറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണമെന്നും കെ.സുധാകരൻ വ്യക്തമാക്കി. കൂടാതെ അന്‍വറിന്‍റെ അറസ്റ്റിനെതിരെ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും രംഗത്തു വന്നു. പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്ന നിലപാടുള്ളപ്പോഴാണ് അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവര്‍ പ്രതിഷധിച്ചിരിക്കുന്നത്.
വനനിയമ ഭേദഗതിക്കെതിരെ മാനന്തവാടി മുതൽ വഴിക്കടവ് വരെ നടത്തിയ ജനകീയ യാത്രയുടെ ഉദ്ഘാടനത്തിന് വയനാട് ഡിസിസി പ്രസിഡന്‍റിനെയാണ് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം പിന്‍മാറി. ഐ സി ബാലകൃഷ്ണൻ എംഎൽഎയും പങ്കെടുത്തില്ല. ലീഗ് നേതാക്കളും വിട്ടു നിന്നു.
കാട്ടാന അക്രണത്തിൽ അദിവാസി യുവാവ് കൊല്ലപ്പെട്ടതിനെതിരെ വനംവകുപ്പ് ഓഫീസിൽ കയറി പ്രതിഷേധിച്ച സംഭവത്തിലാണ് അറസ്റ്റ്. അൻവറിനെ മുന്നണിയിലെടുക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് പുതിയ സാഹചര്യത്തിൽ മാറുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കെ സുധാകരൻ അടക്കമുള്ളവര്‍ അന്‍വറിനെ കൈവിടരുതെന്ന വാദം ശക്തമാക്കിയാലേ നിലമ്പൂർ എംഎൽഎ ആഗ്രഹിക്കുന്നത് പോലെ യുഡിഎഫ് പ്രവേശം സാധ്യമാകൂ.