യുഡിഎഫ് പ്രവേശനത്തിനായി താന്‍ മുന്നോട്ട് വെച്ച ഡിമാന്‍ഡുകള്‍ വെളിപ്പെടുത്തി പി.വി അന്‍വര്‍

നിലമ്പൂര്‍:പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് പ്രവേശനത്തിനായി താന്‍ മുന്നോട്ട് വെച്ച ഡിമാന്‍ഡുകള്‍ വെളിപ്പെടുത്തി പി.വി അന്‍വര്‍.
നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും ബേപ്പൂരില്‍ മത്സരിക്കാനാണ് തനിക്ക് മറുപടി ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
‘ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കാമെന്ന് പറഞ്ഞു. ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അറിയിച്ചു. ഒറ്റ കാര്യമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്ന് രേഖാപരമായോ അല്ലെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രഖ്യാപിക്കുകയോ വേണം. ഞാന്‍ എന്റെ ഉറച്ച സിറ്റിങ് സീറ്റാണ് നല്‍കിയത്. അതുകൊണ്ട് ജനങ്ങളുടെ കാര്യങ്ങള്‍ നിയമസഭയില്‍ പറയാന്‍ ഒരു സിറ്റിങ് സീറ്റും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇവര്‍ നാളെ എന്നെ ചവിട്ടിപ്പുറത്താക്കും. അത് ഇപ്പോഴാണ് ആവശ്യപ്പെട്ടത്. മുമ്പ് ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.’ അന്‍വര്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് 99 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുകയാണ്. അവര്‍ തോറ്റ പല സീറ്റുകളിലും എനിക്ക് ജയിപ്പിക്കാന്‍ കഴിയും. അതിന് പറ്റിയ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരടക്കം എന്റെ കൈയില്‍ ഉണ്ട്. മലമ്പുഴ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഒന്നിനും അവര്‍ തയ്യാറായില്ല. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ എനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കൂവെന്ന്. ഘടകക്ഷിയാക്കുന്നതും വിട്. അസോസിയേറ്റ് എങ്കില്‍ അസോസിയേറ്റ്. സമ്മതിക്കാന്‍ വേണ്ടിയായിരുന്നില്ല അങ്ങനെ പറഞ്ഞത്, അവരുടെ മനസ്സിലിരിപ്പ് അറിയാനായിരുന്നു. 140 സീറ്റില്ലേ, എവിടേയും മത്സരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. പറ്റില്ലെന്ന് മറുപടി നല്‍കി.
മുസ്ലിം ലീഗ് എനിക്ക് സീറ്റ് നല്‍കേണ്ട കാര്യമില്ല. നിലമ്പൂര്‍ സീറ്റ് ഞാന്‍ കോണ്‍ഗ്രസിനാണ് നല്‍കിയത്. അവരാണ് എനിക്ക് സീറ്റ് നല്‍കേണ്ടത്. അപ്പോള്‍ അവരാണ് നല്‍കേണ്ടത്. ലീഗ് നേതൃത്വവും അങ്ങനെയാണ് പറഞ്ഞത്. അത് ന്യായമാണ്. അപ്പോള്‍ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്നോട് ചോദിച്ചത്, നിങ്ങള്‍ക്ക് ബേപ്പൂര്‍ മത്സരിച്ചൂടെയെന്നാണ്. ആദ്യം പറഞ്ഞു മലമ്പുഴ തരാമെന്ന്. പിന്നീട് ബേപ്പൂര്‍. ഒരൊറ്റ വ്യക്തിയാണ് തന്നെ കൊന്ന് കൊലവിളിച്ചത്. യുഡിഎഫ് നേതൃത്വമല്ല’- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു