പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകിയതിനെ ചൊല്ലി വൻ പ്രതിഷേധം. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സ്ക്കൂളിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ നടന്ന പ്രതിഷേധത്തിൽ തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴനട്ടു.
ഭിന്നശേഷിക്കാർക്കുള്ള പദ്ധതിയിൽ ബിജെപി രാഷ്ട്രീയം കളിച്ചത് ശെരിയല്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന് ആർഎസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമായെന്നും നിയമപ്രകാരം തെറ്റാണെന്നും പറഞ്ഞു. കൗൺസിലിൽ ചർച്ചയ്ക്ക് വെക്കാതെയാണ് പേര് നൽകിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും അറിയാതെ വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
പ്രതിഷേധം തുടരുമെന്നും ബിജെപി ഭരിക്കുന്ന നഗരസഭ ആർഎസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച ഒരു ആർ എസ് എസ്‌കാരന്റെ പേരിൽ ഒരു സ്മാരകം നിർമ്മിക്കുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
എന്നാൽ ഒട്ടനവധി രാഷ്ട്രീയക്കാർക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്ഗെവാറിന്റെ പേരിടുന്നതെന്നും നാമകരണത്തിൽ നിന്ന് പിന്മാറിക്കല്ലെന്നും ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.