കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി പൊലീസ്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെർക്കളയിലേക്ക് സ്കൂട്ടറിൽ കടത്തും വഴിയാണ് ഇവ വിദ്യാനഗർ പൊലീസ് പിടികൂടിയിരിക്കുന്നത്. മുളിയാർ കെട്ടുംകൽ സ്വദേശി മൊയ്‌ദീൻ കുഞ്ഞി (45 )നെ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മംഗലാപുരം- ചെർക്കള റൂട്ടിൽ ഇയാൾ സഞ്ചരിക്കുകയായിരുന്നു. ഇയാളെക്കണ്ട് സംശയം തോന്നിയപ്പോൾ തടഞ്ഞു വെക്കുകയും വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അബ്ബാസ് പി കെ യെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തിരിക്കുന്നത്.