പ്രിയങ്കയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിൽ
കല്‍പ്പറ്റ: പ്രിയങ്കയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സോണിയാ ഗാന്ധിയും ഒപ്പമുണ്ടാകും. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ മൂന്ന് പേരും പങ്കെടുക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയാ ഗാന്ധി കേരളത്തില്‍ എത്തുന്നത്. പ്രിയങ്ക ഗാന്ധി പത്ത് ദിവസത്തോളം വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ സോണിയാ ഗാന്ധി എത്ര ദിവസം കേരളത്തിലുണ്ടാകുമെന്നതില്‍ വ്യക്തതയില്ല. കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണ് പ്രിയങ്ക ഗാന്ധി.
റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാകും വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ കളക്ടര്‍ക്ക് മുന്നില്‍ പ്രിയങ്ക പത്രിക സമര്‍പ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ അറിയിച്ചിരുന്നു. യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.