ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് യുക്രെയ്ന് സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയും യുക്രെയ്നുമായി രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി യുക്രെയ്നിലെത്തുന്നത്. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ന് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ സെലെന്‍സ്കിയും മോദിയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. നിലവിലുള്ള പ്രതിസന്ധികളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ചും ഇന്ത്യ-യുക്രെയ്ന് ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഇന്ത്യ ചെയ്യുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്ന് – റഷ്യ യുദ്ധം ആരംഭിച്ചതു മുതല്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പരിഹാരം സാധിക്കുകയുള്ളു എന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭാവന നല്‍കാനും തങ്ങള്‍ തയാറാണെന്നായിരുന്നു മോദിയുടെ ഉറപ്പ്. ഈ മാസം ആദ്യം മോദി മോസ്കോയും സന്ദര്‍ശിച്ചിരുന്നു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യ- യുക്രെയ്ന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്ന ചുരിക്കം ലോകനേതാക്കളില്‍ ഒരാളാണ് മോദി. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധനമന്ത്രി യുക്രെയ്ന് സന്ദര്‍ശിക്കുന്നത്. യുക്രെയ്നിലെത്തുന്ന മോദി ഓഗസ്റ്റ് 24ന് ദേശീയ ദിനത്തിലും സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.