തപാൽ വോട്ട് വിവാദം; മുൻ മന്ത്രി ജി സുധാകരനെതിരെ കേസ് എടുത്ത് പൊലീസ്

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐപിസി 465,468,471 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞു. പരാമർശത്തിൽ ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തു. സംഭവം വിവാദമായതോടെ ജി സുധാകരന്‍ മലക്കംമറിഞ്ഞു.
വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നും ജി സുധാകരന്‍ വ്യക്തമാക്കി. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണ്. മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്’-എന്നാണ് ജി സുധാകരന്‍ വിശദീകരിച്ചത്.