പൂരം കലക്കൽ : തിരുവമ്പാടിയെ പ്രതിക്കൂട്ടിലാക്കി എ ഡി ജി റിപ്പോർട്ട് ; സി ബി ഐ അന്വേഷിക്കട്ടെയെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂർ: പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിന് മറുപടിയുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാർ രംഗത്ത്. എല്ലാം തിരുവമ്പാടിയുടെ മേൽ വെച്ചുകെട്ടാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വിഷയം സിബിഐ അന്വേഷിക്കണമെന്നും ഗിരീഷ്‌കുമാർ പറഞ്ഞു.
പൂരം കലക്കേണ്ടത് തിരുവമ്പാടിയുടെ ആവശ്യമായിരുന്നുവെങ്കിൽ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ എന്തുകൊണ്ട് ഇത് നേരത്തെ അറിഞ്ഞില്ലെന്നും . ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു വലിയ പൊലീസ് പട തൃശൂരിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ ശേഷമാണോ അറിഞ്ഞതെന്നും, റിപ്പോർട്ടിലുള്ളത് വളരെ മോശം പരാമർശം ആണെന്നും ഗിരീഷ്‌കുമാർ വ്യക്തമാക്കി.
ദേവസ്വത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇല്ല. പലതരത്തിലുളള രാഷ്ട്രീയാഭിമുഖ്യം ഉള്ളവർ ഉണ്ടെങ്കിലും പൂരം വരുമ്പോൾ അവയൊന്നും ഉണ്ടാകാറില്ല. എഡിജിപിയുടെ തെറ്റ് മറികടക്കാനുള്ള റിപ്പോർട്ട് ആണ് ഇപ്പോഴത്തേത്. ത്രിതല അന്വേഷണ റിപ്പോർട്ട് ഇനിയും വന്നിട്ടില്ല. തിരുവമ്പാടി ഒരു രാഷ്ട്രീയവും കളിച്ചിട്ടില്ലെന്നും അങ്ങനെ തെറ്റ് കണ്ടെത്തിയാൽ എന്ത് ശിക്ഷയും സ്വീകരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.