x
NE WS KE RA LA
Kerala

ആലുവയിൽ കുഞ്ഞിനെ കൊന്നത് ആസൂത്രിതമെന്ന് പൊലീസ് ; ബന്ധുക്കളുടെ മൊഴിയെടുക്കും

ആലുവയിൽ കുഞ്ഞിനെ കൊന്നത് ആസൂത്രിതമെന്ന് പൊലീസ് ; ബന്ധുക്കളുടെ മൊഴിയെടുക്കും
  • PublishedMay 21, 2025

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയായ മകൾ കല്യാണിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അന്വേഷണം ഊർജിതമാക്കി. കേസിൽ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് . കുട്ടിയുടെ അച്ഛൻ സുഭാഷിന്റെ മൊഴി ഉടൻ എടുക്കും.

കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്ന് പൊലീസ് സംശയിക്കുന്നു. കുറുമശേരിയിലേക്ക് പോകുന്നതിനിടെ കുഞ്ഞുമായി അരമണിക്കൂറിലേറെ സന്ധ്യ ആലുവ മണപ്പുറത്ത് ചെലവിട്ടെന്ന് ഓട്ടോ ഡ്രൈവർമാർ മൊഴി നൽകിയിട്ടുണ്ട്. സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സന്ധ്യയെ ആലുവ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സന്ധ്യയെ കാക്കനാട് വനിതാ ജയിലാണ് പാർപ്പിച്ചിരിക്കുന്നത്. നാളെ തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

കേസിൽ കുട്ടിയുടെ അച്ഛന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ്പി ഇന്നലെ പറഞ്ഞു . കൊലപാതകത്തെക്കുറിച്ച് കുടുംബത്തിൽ ആർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിനുശേഷമാവും സന്ധ്യയുടെ മാനസികനില പരിശോധിക്കുക. കൊലപാതകത്തിന്റെ കൃത്യമായ കാരണം വരും ദിവസങ്ങളിൽ അന്വേഷണത്തിൽ മനസ്സിലാകുമെന്നും റൂറൽ എസ്പി എം ഹേമതല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *